You are here
Home > കാക്ക കുട് > വിമാനത്തിന് ആകാശത്തു അങ്ങനെ അനങ്ങാതെ നിൽക്കുവാൻ സാധിക്കുമോ ?

വിമാനത്തിന് ആകാശത്തു അങ്ങനെ അനങ്ങാതെ നിൽക്കുവാൻ സാധിക്കുമോ ?

ആകാശത്തു വിമാനം കുറച്ചു സമയം അനങ്ങാതെ നിൽക്കുന്നതായി പലരും കണ്ടിട്ടുണ്ടാവും. പക്ഷെ വിമാനത്തിന് അങ്ങനെ ഒരിടത്തു നിൽക്കുവാൻ സാധിക്കുമോ ?
ഇല്ല.

ചില തരം യുദ്ധവിമാനങ്ങൾക്കും, ഹെലിക്കോപ്പറുകൾക്കും, ഡ്രോണിനും മാത്രമേ മുന്നോട്ട് പോവാതെ ഒരിടത്തു നിൽക്കുവാൻ സാധിക്കൂ.

അപ്പോൾ വിമാനം ഒരിടത്തായി നിൽക്കുന്നത് കാണുന്നതോ ?

അത് ഒരു വിഷ്വൽ ഇല്ലൂഷൻ ആണ്.
വിമാനം പോകുന്നതിനു എതിരായി നമ്മൾ സഞ്ചരിക്കുമ്പോൾ വിമാനത്തിന് വേഗത കുറവായിട്ടോ, നിൽക്കുന്നതായിട്ടോ അല്ലെങ്കിൽ പിന്നോട്ട് പോവുന്നതായോ നമുക്ക് തോന്നാം. കാരണം വിമാനത്തിനും, നമുക്ക് ഇടയ്ക്കുള്ള സ്ട്രീറ്റ് ലൈറ്റുമായോ അല്ലെങ്കിൽ മരവുമായോ അല്ലെങ്കിൽ ഉയർന്നുനിൽക്കുന്ന വസ്തുക്കളുമായോ ബന്ധപ്പെടുത്തി ആവും നാം അറിയാതെ നമ്മൾ വിമാനത്തിന്റെ വേഗത കണക്കാക്കുക. അതുകൊണ്ട് വിമാനം പോകുന്നതിനു എതിരായി നാം സഞ്ചരിച്ചാൽ വിമാനത്തിന് വേഗത കുറഞ്ഞതായി അനുഭവപ്പെടും.

നമ്മൾ സഞ്ചരിക്കാതെ ഒരിടത്തു നിന്ന് വിമാനത്തെ നോക്കിയാലോ.. ?

അപ്പോൾ വിമാനത്തിന്റെ ശരിയായ വേഗത നമുക്ക് അനുഭവപ്പെടും.
ഇനി നമ്മൾ വിമാനം പോകുന്ന ദിശയിൽത്തന്നെ സഞ്ചരിച്ചാലോ.. അപ്പോൾ വിമാനത്തിന് വേഗത കൂടിയതായി അനുഭവപ്പെടും.

ഇനി മറ്റൊരു കാര്യം..
വിമാനം നമുക്ക് നേരെ വരുമ്പോൾ വിമാനത്തിന്റെ വേഗത നമുക്ക് മനസിലാക്കുവാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടും വിമാനം ആകാശത്തു കുറച്ചുനേരം നിൽക്കുന്നതായി തോന്നാം.

മുകളിൽ പറഞ്ഞ രണ്ട് കാര്യങ്ങളും വിഷ്വൽ ഇല്യൂഷൻ ആണ്. ഇനി ശാസ്ത്രീയമായ ഒരു കാരണംകൊണ്ടും വിമാനം നിൽക്കുന്നതുപോലെ തോന്നാം. ക്ഷമിക്കണം.. തോന്നൽ അല്ല.. ശരിക്കും നിൽക്കാം. ചിലപ്പോൾ വിമാനം പിന്നോട്ടും പോവാം.

നമുക്ക് ഒരു ഉദാഹരണത്തിൽനിന്നും തുടങ്ങാം.

* ഏറ്റവും വേഗത കുറഞ്ഞു പറക്കാൻ കഴിയുന്ന ഒരു വിമാനം ആണ് Antonov AN-2 .
ഇതിന്റെ കുറഞ്ഞ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ ആണ് ( 40km / hr ). എന്ന് വച്ചാൽ ഇതിനു കാറ്റൊന്നും ഇല്ലെങ്കിൽ 40 കിലോമീറ്റർ സ്പീഡിൽ വരെ പറക്കാം.
കാറ്റൊന്നും ഇല്ലെങ്കിൽ എന്ന് പ്രത്യേകിച്ച് പറയുവാൻ കാരണം.. വിമാനത്തിന്റെ മുന്നിൽ നിന്നും ചിറകിൽ അടിക്കുന്ന കാറ്റിനെ ബന്ധപ്പെടുത്തി ആണ് വിമാനത്തിന്റെ വേഗത പറയുക എന്നതുകൊണ്ടാണ്.

കാറ്റു ഇല്ലെങ്കിൽ Antonov AN-2 നു പറക്കുവാൻ കഴിയുന്ന കുറഞ്ഞ വേഗത 40 കിലോമീറ്റർ ആണ്.
ഇനി മുന്നിൽനിന്നും 20 കിലോമീറ്റർ വേഗത്തിൽ കാറ്റു അടിച്ചാലോ.. ?
അപ്പോൾ 40 -20 = 20 കിലോമീറ്റർ വേഗത്തിൽ Antonov AN-2 നു പറക്കുവാൻ കഴിയും.
കാറ്റുമായി താരതമ്യം ചെയ്‌താൽ വിമാനത്തിന് 40 കിലോമീറ്റർ വേഗത ഉണ്ടാവും. എന്നാൽ ഭൂമിയിലെ വസ്തുക്കളുമായി താരതമ്യം ചെയ്‌താൽ 20 കിലോമീറ്റർ വേഗതയെ ഉണ്ടാവൂ.

അപ്പോൾ 40 കിലോമീറ്റർ സ്‌പീഡ്‌ഡിൽ മുന്നിൽനിന്നു കാറ്റു അടിച്ചാലോ.. ?
അപ്പോൾ 40 -40 = 0 കിലോമീറ്റർ.
എന്നുവച്ചാൽ പുറത്തുനിന്നും നോക്കുന്ന നമുക്ക് വിമാനം ഒരിടത്തു അനങ്ങാതെ നിൽക്കുന്നതായി കാണാം. എന്നാൽ വിമാനം 40 കിലോമീറ്റർ വേഗത്തിലടിക്കുന്ന കാറ്റിനു എതിരായി 40 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയാണ്.

ഇനി കാറ്റ് 60 കിലോമീറ്റർ വേഗത്തിൽ മുന്നിൽനിന്നു വീശിയാലോ ?
അപ്പോൾ വിമാനം 20 കിലോമീറ്റർ വേഗത്തിൽ പിന്നോട്ട് പോവും !
പക്ഷെ അപ്പോഴും വിമാനം കാറ്റിനു എതിരായി 40 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുകയാണ്.

ഇനി നമ്മുടെ ഒരു ഇന്റർനാഷണൽ ഫ്ളൈറ്റിന്റെ കാര്യം നോക്കിയാലോ..

വലിയ യാത്രാവിമാനമായ A380 യുടെ കുറഞ്ഞ വേഗത 250 കിലോമീറ്റർ ആണ്. 100 കിലോമീറ്റർ കാറ്റു മുന്നിൽനിന്നും വീശിയാൽ വിമാനത്തിന് വെറും 150 കിലോമീറ്റർ വേഗത്തിൽ പറക്കാം. ഇത്ര ചെറിയ വേഗത്തിൽ ഇത്ര വലിയ വിമാനം പറന്നാൽ അത് പറക്കുന്നതായി നമുക്ക് തോന്നില്ല. കാറ്റ് ഇനിയും വേഗത്തിൽ അടിച്ചാൽ.. വിമാനം വേഗത വളരെ കുറഞ്ഞു ഒരിടത്തായി നിൽക്കുന്നതുപോലെ നമുക്ക് തോന്നും.

ഈ വാർത്ത മറ്റുള്ളവരിലും എത്തിക്കൂ.
Top